തൊടുപുഴ: റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിച്ച മാതൃകാ പ്രവര്‍ത്തനത്തിന് അംഗീകാരമായി ലഭിച്ച കേന്ദ്രസര്‍ക്കാരിന്റെ രാഹ്വീര്‍ പദ്ധതി പ്രകാരമുള്ള 25,000 രൂപ അപകടത്തില്‍പ്പെട്ടയാള്‍ക്ക് കൈമാറി വണ്ണപ്പുറം സ്വദേശിയും മകനും മാതൃകയായി. പുതുപ്പറമ്പില്‍ ബേബിയും മകന് ആല്‍ഫ്രഡുമാണ് (12) അവാര്‍ഡിനും ആദരവിനും അര്‍ഹരായത്. തങ്ങള്‍ക്ക് അംഗീകാരമായി ലഭിച്ച പാരിതോഷികത്തുക അപകടത്തില്‍പ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടിലായ തൊടുപുഴ സ്വദേശി റെജികുമാറിന് കൈമാറുമെന്ന് ബേബി പ്രഖ്യാപിക്കുകയായിരുന്നു.
2025 നവംബര്‍ 16ന് രാത്രി വണ്ടമറ്റം ബൈപാസിലായിരുന്നു സംഭവം. ബൈക്ക് അപകടത്തില്‍പ്പെട്ട് റോഡരികില്‍ ബോധരഹിതനായി കിടന്ന റെജികുമാറിനെ അതുവഴി വന്ന ബേബിയും മകന് ആല്‍ഫ്രഡും ചേര്‍ന്ന് കൃത്യസമയത്ത് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരിയിലേക്കും മാറ്റുകയായിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവിലാണ് റെജികുമാര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
റോഡപകടങ്ങളില്പ്പെട്ടവരുടെ ജീവന് രക്ഷിക്കുന്നവര്‍ക്കായി കേന്ദ്ര ഗതാഗത മന്ത്രാലയം ഏര്‍പ്പെടുത്തിയ രാഹ്വീര്‍ പദ്ധതി പ്രകാരമാണ് ആയുര്‍വേദചികിത്സകനായ ബേബിക്കും മകനും പുരസ്കാരം ലഭിച്ചത്. കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഇവരെ പുരസ്കാരം നല്കി ആദരിച്ചു. തുടര്‍ന്നാണ് ചികിത്സയില്‍ കഴിയുന്ന റെജികുമാറിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ കണക്കിലെടുത്ത് പാരിതോഷിക തുക മുഴുവന്‍ അദ്ദേഹത്തിന് കൈമാറാന്‍ ബേബി തീരുമാനിച്ചത്. സ്വാര്‍ഥതയില്ലാത്ത ഈ ഇടപെടല്‍ സമൂഹത്തിന് വലിയ മാതൃകയാണെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
കാളിയാര്‍ സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ വി.വി.വിഷ്ണു, ബിജു വര്‍ഗീസ്, സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരായ പി.പി.നിഷാദ്, ജയേഷ് ഭാസ്കരന്, ബിനു ജെ. മാറാട്ട്, വണ്ണപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ സുബൈര്‍, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജെയ്നമ്മ ജോസഫ്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സജി പോള്‍, യൂണിറ്റ് പ്രസിഡന്റ് സജി കണ്ണംപുഴ, സെക്രട്ടറി നൗഷാദ് മലനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.